ഇൻസ്റ്റഗ്രാമിലിട്ട കമന്റ്: ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസുകാർ ക്രൂരമായി മർദ്ദിച്ചു; സംഭവം പേരാവൂരിൽ #students #Instagram
പേരാവൂർ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രത്തിനിട്ട കമന്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസുകാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. പേരാവൂർ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. വിളക്കോട് സ്വദേശിയായ വിദ്യാർഥിയെയാണ് പത്താം ക്ലാസ് വിദ്യാർഥികളായ ഏതാനും പേർ ചേർന്ന് മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ഒൻപതാം ക്ലാസുകാരന്റെ സഹപാഠി ഇൻസ്റ്റഗ്രാം ഗ്രൂപ്പിലിട്ട പോസ്റ്റിൽ പത്താം ക്ലാസ് വിദ്യാർഥിയിട്ട കമന്റാണ് സംഭവങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും വാക്കേറ്റമുണ്ടായപ്പോൾ തർക്കം തീർക്കാൻ ഇടപെട്ട വിദ്യാർഥിയെയാണ് എട്ടോളം പേർ ചേർന്ന് മർദ്ദിച്ചത്. അധ്യാപകർ ഇരു കൂട്ടരെയും പിടിച്ചു മാറ്റുകയായിരുന്നു. മർദ്ദനത്തിനിടെ ഒൻപതാം ക്ലാസുകാരന്റെ വസ്ത്രങ്ങൾ കീറുകയും ചെയ്തു.
പിതാവെത്തിയാണ് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവിന്റെ പരാതിയിൽ പേരാവൂർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികൾക്ക് പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാവും തുടർ നടപടികൾ.