ഗുവാഹത്തി: അസമിൽ ഏഴു വയസ്സുകാരി ചിലന്തി കടിച്ചതിനെ തുടർന്ന് മരിച്ചതായി സംശയിക്കുന്നു. കിഴക്കൻ അസമിലെ ടിൻസുകിയ ജില്ലയിലെ പാനിറ്റോള ഗ്രാമത്തിലാണ് സംഭവം. മുട്ടകൾ നിറഞ്ഞ ഒരു കൊട്ട തുറക്കുന്നതിനിടെ കറുത്ത ചിലന്തി കുട്ടിയുടെ കൈയിൽ കടിച്ചു. തുടർന്ന് കുട്ടിയുടെ കൈ വീർത്തു. ശാരീരിക ബുദ്ധിമുട്ടുകൾ കാണിച്ച കുട്ടിയെ അടുത്തുള്ള ഒരു ഫാർമസിയിലേക്ക് കൊണ്ടുപോയി. പിന്നീട് ടിൻസുകിയ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫോറൻസിക് പരിശോധനയും നടത്തിയിട്ടുണ്ട്. കുട്ടിയെ കടിച്ച ചിലന്തിയുടെ ഇനം ഫോറൻസിക് പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയുമെന്നാണ് വിവരം. സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശം ജനവാസ മേഖലകളിൽ ചിലന്തികൾ, പാമ്പുകൾ, പ്രാണികൾ എന്നിവയുൾപ്പെടെയുള്ള വിഷജീവികളുടെ വർദ്ധനവിന് കാരണമാകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.