ആലപ്പുഴ: കഴിഞ്ഞദിവസം പള്ളിപ്പുറത്തെ സെബാസ്റ്റ്യൻ്റെ വീട്ടില്‍ നിന്നും അന്വേഷണസംഘം ശേഖരിച്ച രക്തക്കറ കാണാതായ ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം സെബാസ്റ്റ്യനുമായി കോട്ടയം ക്രൈം ബ്രാഞ്ച് വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ നിന്നും രക്തക്കറയുടെ ഭാഗങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് ജൈനമ്മയുടെതെന്ന് സ്ഥിരീകരിച്ചത്.
2024-ലാണ് ജൈനമ്മയെ ഏറ്റുമാനൂരില്‍ നിന്നും കാണാതാകുന്നത്. കോട്ടയത്തെ ഒരു ധ്യാനകേന്ദ്രത്തില്‍ വച്ചാണ് സെബാസ്റ്റ്യന്‍ ഇവരുമായി പരിചയപ്പെടുന്നത്. 2024-ന് ശേഷം ജൈനമ്മയെ കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ പിടികൂടുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രക്തക്കറകള്‍ ലഭിക്കുന്നത്.
സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് ലഭിച്ച സ്ത്രീയുടെതെന്ന് സംശയിക്കുന്ന ശരീര അവശിഷ്ടങ്ങളുടെ ഡി എന്‍ എ ടെസ്റ്റും ഉടന്‍ ലഭിക്കും. ഇത് ജൈനമ്മയുടെ തന്നെ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കൂടാതെ ബിന്ദു പത്മനാഭന്റെയും ഐഷയുടെയും തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണ്. തെളിവെടുപ്പുകള്‍ക്ക് ശേഷം കോടതി റിമാന്‍ഡ് ചെയ്ത സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.