ഇടവിട്ടുള്ള തീവ്രമഴയും വെയിലും; കാരണം മൺസൂൺ ബ്രേക്ക്‌ പ്രതിഭാസം #monsoon_rain

 
കോട്ടയം: മൺസൂൺ മഴയുടെ ശക്തി താരതമ്യേന കുറഞ്ഞെങ്കിലും ആശങ്കമാറ്റാതെ കൂമ്പാരമേഘ സാന്നിധ്യം. ചെറിയസമയം നീണ്ടുനിൽക്കുന്ന അതിശക്തമായ മഴ, ഇടിമിന്നൽ എന്നിവയാണ് ലക്ഷണം. ചിലയിടങ്ങളിൽ ഇതിനൊപ്പം മിന്നൽചുഴലിയും കാണാനാകുന്നു.

മേഘങ്ങളുടെ പാളി വളരെ വിസ്തൃതിയിൽ തുടർച്ചയായി നിലനിന്ന് മിതമായി മഴ പെയ്യുന്നരീതി മാറുകയും കനം കൂടിയ പ്രാദേശികമേഘങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഒരു മേഘപാളി ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്തമായി പെയ്തുതീരുന്നതോടെ സൂര്യപ്രകാശം തെളിയും.

ഇതുകൊണ്ടുതന്നെ ഈ വെയിലിൽ ഭൂമി ചെറിയസമയംകൊണ്ട് ചൂടുപിടിച്ച് കൂമ്പാരമേഘം രൂപപ്പെടുന്നു. ഇത് അന്തരീക്ഷത്തിൽ നിന്ന് ഒന്ന്-ഒന്നര കിലോമീറ്റർവരെ ഉയരത്തിലാണ് രൂപപ്പെടുന്നത്. ഇതിന് 12-15 കിലോമീറ്റർ വരെ കനമുണ്ടാകും. ഇത് അതിശക്ത മഴയായി പെയ്യുമെങ്കിലും ചെറിയനേരംകൊണ്ട് അവസാനിക്കും.

ഈ മേഘങ്ങൾ രൂപപ്പെടുന്ന സമയത്ത് ഭൂമിയിലേക്ക് അതിശക്തമായി തണുത്ത വായുവിന്റെ തള്ളൽ ഉണ്ടാകുന്നതാണ് മിന്നൽച്ചുഴലിക്ക് കാരണമാകുന്നതെന്നത്.  കഴിഞ്ഞദിവസം അങ്കമാലി, തൃശ്ശൂർ അടക്കമുള്ള സ്ഥലങ്ങളിൽ ശക്തമായ ചെറിയസമയ മിന്നൽച്ചുഴലി അടിച്ചതായി റിപ്പോർട്ട്‌ വന്നു.  ഓഗസ്റ്റ് നാലാമത്തെ ആഴ്ചവരെ സംസ്ഥാനത്ത് ഈ രീതിയിലുള്ള മഴ തുടരാമെന്നാണ് പ്രവചനങ്ങൾ.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0