അറബ് പൈതൃക പട്ടികയിൽ ഇനി കുവൈത്ത് ടവറുകളും #LATEST_NEWS
കുവൈത്ത് : കുവൈത്തിന്റെയും അറബ് ലോകത്തിന്റെയും ആധുനിക ശിൽപസൗന്ദര്യത്തിന്റെ പ്രതീകമായ കുവൈത്ത് ടവറുകൾ അറബ് വാസ്‌തുവിദ്യ പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഇടംനേടി. ലബനനിലെ ബെയ്റൂത്തിൽ നടന്ന ഒമ്പതാമത് പ്രാദേശിക ഫോറത്തിന്റെ സമാപന വേദിയിലാണ് അറബ് ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജ് ഒബ്സർവേറ്ററിയുടെ പ്രഖ്യാപനം. ദേശീയ പ്രാധാന്യമുള്ള സാംസ്‌കാരിക പൈതൃകമായി സമർപ്പിച്ച നാമനിർദേശത്തെ അടിസ്ഥാനമാക്കിയാണ് അംഗീകാരം.
ആധുനിക രൂപകൽപ്പനയും ഉപയോഗ പ്രാധാന്യവുമായി സമന്വയിച്ച ശിൽപകൗശലമാണ് ടവറുകളുടെ സവിശേഷത. അറേബ്യൻ ഗൾഫ് തീരത്ത്, നഗരത്തിന്റെ ഹൃദയഭാഗത്ത് ഉയർന്നുനിൽക്കുന്ന ടവറുകൾ ജലസംഭരണിക്ക് പുറമേ വിനോദസഞ്ചാര ആകർഷണമായും പ്രവർത്തിക്കുന്നു. ടവറുകളുടെ വാസ്തുവിദ്യ സൗന്ദര്യം, തന്ത്രപരമായ സ്ഥാനം, വിവിധ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ പൈതൃക ലാൻഡ്‌മാർക്കായി അംഗീകരിക്കാൻ വഴിയൊരുക്കിയതായി ഫോറം വ്യക്തമാക്കിയിട്ടുണ്ട്.