ഒഡീഷയിൽ വിദ്യാർത്ഥിനി തീകൊളുത്തി; എബിവിപി നേതാക്കൾ അറസ്റ്റിൽ #latest_news
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ 20 വയസ്സുള്ള യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് എബിവിപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ശുഭത് സന്ദീപ് നായക്, ജ്യോതി പ്രകാശ് ബിസ്വാൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ആത്മഹത്യ ചെയ്യുമ്പോൾ ഇരുവരും സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജൂലൈ 13ന് ഫക്കീർ മോഹൻ സ്വയംഭരണ കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ പെൺകുട്ടി തീകൊളുത്തി. ലൈംഗിക പീഡനത്തിന് പരാതി നൽകിയിട്ടും അധ്യാപകർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടി തീകൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റിയെങ്കിലും ജൂലൈ 15 ന് മരിച്ചു.
ഡിപ്പാർട്ട്‌മെന്റ് മേധാവി സമീർ രഞ്ജൻ സാഹുവിനെതിരെ പെൺകുട്ടി പരാതി നൽകിയിരുന്നു. പ്രിൻസിപ്പൽ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് ഓഫീസിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രിൻസിപ്പലിന്റെ ഓഫീസിൽ വെച്ച് പെൺകുട്ടിയോട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതായും ഇതിനായി മോശമായി ചിത്രീകരിച്ചതായും ആരോപണമുണ്ട്. അറസ്റ്റിലായ എബിവിപി നേതാക്കളും ആ സമയത്ത് ഓഫീസിലുണ്ടായിരുന്നു എന്നാണ് വിവരം.
പ്രതിയായ സമീർ രഞ്ജൻ സാഹു കോളേജിലെ ചില വിദ്യാർത്ഥികളെ ഉപയോഗിച്ച് പെൺകുട്ടിക്കെതിരെ ആരോപണം ഉന്നയിക്കുകയും കോളേജ് അധികൃതരെ നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സംഭവം ഒഡീഷയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.