തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിലെ ആദ്യദിനത്തിലെ കളി കാണാൻ എത്തിയ പ്രമുഖരിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ സ്കൗട്ടും മുൻ ഇന്ത്യൻ താരവുമായ കിരൺ മോറെയും. കേരളത്തിലെ യുവപ്രതിഭകളെ കണ്ടെത്തി തങ്ങളുടെ പാളയത്തിലെത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു മോറെയുടെ വരവ്.
ഐപിഎല്ലിലെ ഏറ്റവും മികച്ച ടാലന്റ് സ്കൗട്ടിംഗ് ശൃംഖലകളിലൊന്നാണ് മുംബൈ ഇന്ത്യൻസിന്റേത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നും കഴിവുറ്റ കളിക്കാരെ കണ്ടെത്തി ലോകോത്തര താരങ്ങളാക്കി മാറ്റുന്നതിൽ മുംബൈയുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ സീസണിൽ കേരളത്തിൽ നിന്ന് വിഘ്നേഷ് പുത്തൂരിനെ കണ്ടെത്തിയതും ഇതേ സ്കൗട്ടിംഗ് ടീമായിരുന്നു. കെസിഎല്ലിലെ മികച്ച പ്രകടനമാണ് വിഘ്നേഷിന് മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളറാകാനും പിന്നീട് ടീമിന്റെ ഭാഗമാകാനും വഴിയൊരുക്കിയത്.
സഞ്ജു സാംസണെപ്പോലുള്ള താരങ്ങൾ കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലെത്തിയെങ്കിലും, ഐപിഎൽ ടീമുകളിൽ കേരള താരങ്ങളുടെ സാന്നിധ്യം ഇപ്പോഴും കുറവാണ്. ഈ കുറവ് നികത്താനും കൂടുതൽ അവസരങ്ങൾ യുവതാരങ്ങൾക്ക് നൽകാനും കെസിഎൽ പോലുള്ള ടൂർണമെന്റുകൾ സഹായിക്കും. കിരൺ മോറെയുടെ ഈ സന്ദർശനം കെസിഎല്ലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഐപിഎൽ ഫ്രാഞ്ചൈസികളുടെ സ്കൗട്ടുമാർ കേരളത്തിലേക്ക് ഒഴുകിയെത്താനും സാധ്യതയുണ്ട്.