എറണാകുളം : നടൻ കലാഭവൻ നവാസിനെ (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര വൃന്ദാവനം ഹോട്ടലിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ 25 മുതൽ നവാസ് ഇവിടെ താമസിച്ചുവരികയായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടതെന്നും ചോറ്റാനിക്കര പൊലീസ് പറഞ്ഞു. മുറിയുടെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സ്റ്റേജ് പ്രകടനങ്ങൾക്ക് പേരുകേട്ട കലാഭവൻ 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടൻ അബൂബക്കറിൻ്റെ മകനാണ് കലാഭവൻ നവാസ്. നവാസിൻ്റെ ഭാര്യ രഹന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരൻ നിയാസ് ബക്കറും (മറിമായം കോയ) ഒരു നടനാണ്.
ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ (1999), തില്ലാന തില്ലാന (2003) എന്നീ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.