മലയാള ചലച്ചിത്ര മേഖലയിൽ മറ്റൊരു മരണം കൂടി, പ്രേം നസീറിന്റെ മകൻ ഷാനവാസ് അന്തരിച്ചു. #Actor_Shanavas

തിരുവനന്തപുരം : നടനും നിത്യഹരിത നായകൻ പ്രേം നസീറിന്റെ മകനുമായ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50 ഓടെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വഴുതക്കാട് കോർഡൻ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു താമസം. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് 4 വർഷമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശവസംസ്കാരം ചൊവ്വാഴ്ച 5 ന് പാളയം മുസ്ലിം ജമാഅത്ത് സെമിത്തേരിയിൽ നടക്കും. ഭാര്യ: ആയിഷ അബ്ദുൾ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർ ഖാൻ. മരുമകൾ: ഹന.

നടൻ പ്രേം നസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്താണ് ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. 

 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.  മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങി നിരവധി പ്രമുഖ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  തമിഴിലും മലയാളത്തിലുമായി അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  ചെറിയ ഇടവേളയ്ക്ക് ശേഷം 2011ൽ ചൈന ടൗൺ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി.  പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.  ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്ത് കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0