ആലപ്പുഴ ചേർത്തലയിൽ തിരോധാനപരമ്പരയിൽ സംശയം തോന്നിയ സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി. വീടിൻ്റെ പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യൻ്റേതെന്ന് കരുതുന്ന അസ്ഥികൾ കണ്ടെത്തിയത്. ഇരുപതിലധികം അസ്ഥികൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. അസ്ഥികൾക്ക് ആറ് വര്ഷം എങ്കിലും പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വീട്ടുവളപ്പിലെ കുളത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കഷണങ്ങൾ വസ്ത്രങ്ങളും കണ്ടെത്തി.
സെബാസ്റ്റ്യൻ ഉൾപ്പെട്ടതായി സംശയിക്കുന്ന നാല് മിസ്സിംഗ് കേസുകൾക്ക് പുറമെ കൂടുതൽ തിരോധാനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് നേരത്തെ സംശയിച്ചിരുന്നത്. സെബാസ്റ്റ്യൻ്റെ വീട്ടിൽ പോലീസ് നായ്ക്കളടക്കം തിരച്ചിൽ നടത്തി. വീടിൻ്റെ പരിസരത്ത് പരിശോധനയ്‌ക്ക് പുറമെ വീടിനുള്ളിലും വിശദമായ പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിൻ്റെ നീക്കം. കണ്ടെത്തിയ അസ്ഥികൾ കഴിഞ്ഞ വർഷം കാണാതായ ജയ്‌നമ്മയുടേതായിരിക്കുമെന്ന് ക്രൈംബ്രാഞ്ച് ആദ്യം സംശയിച്ചിരുന്നെങ്കിലും എല്ലുകളുടെ കാലപ്പഴക്കം സംബന്ധിച്ച പ്രാഥമിക നിഗമനം അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. സെബാസ്റ്റ്യൻ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.