സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന; 1.46 ലക്ഷം രൂപ കൈക്കൂലി പിടിച്ചെടുത്ത് വിജിലൻസ് #subregistrar_office
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ ദ്രുത പരിശോധനയിൽ വൻ കൈക്കൂലിയും ക്രമക്കേടും കണ്ടെത്തി. ആധാരം രജിസ്റ്റർ ചെയ്യുന്നതിനും സബ് രജിസ്ട്രാർ ഓഫീസ് വഴി നൽകുന്ന മറ്റ് സേവനങ്ങൾക്കും ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ “സെക്യുർ ലാൻഡ്” എന്ന പേരിൽ പരിശോധന നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ, ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ എത്തിയ 15 ഏജന്റുമാരിൽ നിന്ന് 1,46,375 രൂപ പിടിച്ചെടുത്തു. 7 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒളിപ്പിച്ച 37,850 രൂപ കൈക്കൂലിയും നാല് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത 15,190 രൂപയും വിജിലൻസ് പിടിച്ചെടുത്തു. വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥർ യുപിഐ വഴി വിവിധ രേഖകൾ എഴുതുന്നവരിൽ നിന്ന് 9,65,905 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി.
ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സബ് രജിസ്ട്രാർ ഓഫീസുകൾ വഴി നൽകുന്ന വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനായി ചില ഉദ്യോഗസ്ഥർ ഡോക്യുമെന്റ് റൈറ്റർമാരെ ഏജന്റുമാരായി ഉപയോഗിക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ ശേഖരിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064, 8592900900, വാട്ട്‌സ്ആപ്പ് നമ്പർ 9447789100 എന്നിവയിൽ പൊതുജനങ്ങൾക്ക് അറിയിക്കാം.