ആലപ്പുഴ: വി എസിനെ മാറോടുചേര്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് വലിയ ചുടുകാട്. പി.കൃഷ്ണപിള്ളയും, എംഎൻ ഗോവിന്ദൻ നായരും, കെആർ ഗൗരിയമ്മയുമെല്ലാം യാത്ര അവസാനിപ്പിച്ച അതേ വലിയ ചുടുകാട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്മരണകൾ ഉറങ്ങുന്ന മണ്ണാണ് വലിയ ചുടുകാട്ടിലേത്.
വലിയ ചുടുകാട്, പേരുപോലെ അക്ഷരാര്‍ത്ഥത്തില്‍ ചുടുകാട് തന്നെ.1946-ലെ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത് വെടിയേറ്റ് രക്ത സാക്ഷികളായവരെയും പരിക്കേറ്റവരെയുമെല്ലാം വലിയ ചുടുകാട്ടിലിട്ട് സർ സിപിയുടെ പോലീസ് പച്ചക്ക് കത്തിച്ച ചുടുകാട്. പുന്നപ്രയിലെ പോലീസ് ക്യാമ്പ് ആക്രമിച്ചത്തിന്റെ പരിണിതഫലം. 10000-ൽ അധികം പേരാണ് അന്ന് പോലീസ് ക്യാമ്പ് വളഞ്ഞത്. ഇൻസ്പെക്ടർ വേലായുധൻ നാടാരുമായി അന്ന് നേതാക്കൾ തർക്കത്തിലേർപ്പെടുകയും, ഒടുവിലത് സംഘർഷത്തിലേക്കും ഇൻസ്പെക്ടർ നാടാർ അടക്കം മൂന്ന് പോലീസുകാർ കൊല്ലപ്പെടുന്നതിലേക്കും എത്തി. കുന്തവും , കമ്പും, കല്ലുമായി പോലീസിനെ നേരിട്ട സമരക്കാർക്ക് പോലീസിൻ്റെ വെടിവെപ്പിൽ ജീവൻ നഷ്ടമായി. ഒരു ഘട്ടത്തിൽ വെടിയുണ്ട തീർന്ന് പോലീസ് പിൻവാങ്ങുകയായിരുന്നു, ഒപ്പം സമരക്കാരും. അപ്പോഴും കുറേപ്പേർ പരിക്കേറ്റവിടെ കിടന്നിരുന്നു.
പിന്നീട് പോലീസ് ക്യാമ്പിലേക്ക് എത്തിയ ഡിഎസ്പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള പട്ടാളം പരിക്കേറ്റവരെ വീണ്ടും തല്ലിച്ചതച്ച് കൊലപ്പെടുത്തി. ഇവരെ വലിയ ചുടുകാട്ടിൽ എത്തിച്ച് കൂമ്പാരം കൂട്ടി പെട്രോളൊഴിച്ച് തീകൊളുത്തി.ഇതിൽ ജീവനുള്ളവരും ഉണ്ടായിരുന്നു. കാട്ടൂരിൽ നിന്നും, മാരാരിക്കുളത്തു നിന്നും കൊണ്ടു വന്നവരെയും പിന്നീട് ഇത്തരത്തിൽ ഇവിടെ കത്തിച്ചു. പച്ച ജീവൻ കത്തിയെരിഞ്ഞ മണ്ണിലാണ് മുതിർന്ന നേതാക്കൾക്ക് ഉള്ളതു പോൽ വിഎസിനും ഇടം ഒരുക്കുന്നത്.