ആറുമാസമായി റേഷന്‍ വാങ്ങാത്ത ആളാണോ നിങ്ങള്‍, എന്നാല്‍ പണി കിട്ടി മക്കളെ: റേഷൻ കാർഡ് മരവിപ്പിക്കൽ പ്രാബല്യത്തിൽ #Ration

തിരുവനന്തപുരം: ആറ് മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. സംസ്ഥാന സർക്കാരുകളാണ് ഈ കാർഡുകൾ മരവിപ്പിക്കേണ്ടത്.

കാർഡ് മരവിപ്പിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ നേരിട്ടുള്ള പരിശോധന നടത്തി ഉടമകളുടെ ഇലക്ട്രോണിക്-കെവൈസി (തിരിച്ചറിയൽ) നടപടിക്രമങ്ങൾ പൂർത്തിയാക്കണം. തുടർന്ന് അർഹത ബോധ്യപ്പെട്ടാൽ റേഷൻ അനുവദിക്കും. ഈ പുതിയ നീക്കം കേരളത്തിലെ ഒട്ടേറെ റേഷൻ കാർഡ് ഉടമകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേരാണ് റേഷൻ വാങ്ങാത്തത്. കഴിഞ്ഞ മാസം 95.05 ലക്ഷം കാർഡ് ഉടമകളിൽ 78.33 ലക്ഷം പേർ (82.34%) മാത്രമാണ് റേഷൻ വാങ്ങിയത്. മൂന്ന് മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടെങ്കിലും, കാർഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലുമുണ്ടായിരുന്നില്ല.

റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് (ഇ-കെവൈസി) ഇനി അഞ്ച് വർഷത്തിലൊരിക്കൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ആധാർ നമ്പർ ലഭ്യമാണെങ്കിൽ രേഖപ്പെടുത്തണം. അഞ്ച് വയസ്സ് തികഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇവരുടെ മസ്റ്ററിങ് പൂർത്തിയാക്കണം. 18 വയസ്സാകാത്തവർക്ക് ഇനി മുതൽ പ്രത്യേകം റേഷൻ കാർഡ് അനുവദിക്കില്ല.

കേരളത്തിൽ നിലവിൽ മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ്ങാണ് നിർബന്ധമായും ചെയ്യേണ്ടത്. ഇതിൽ സംസ്ഥാനം 98.85% പൂർത്തിയാക്കിയിട്ടുണ്ട്.

ഒരാൾ ഒന്നിലധികം സംസ്ഥാനങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡുകൾ മരവിപ്പിക്കും. തുടർന്ന് അർഹത തെളിയിക്കാൻ മൂന്ന് മാസത്തിനുള്ളിൽ മസ്റ്ററിങ് നടത്തണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0