പത്തനംതിട്ട കോന്നി ക്വാറി അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വലിയ ക്രെയിനുകൾ എത്തിച്ചശേഷം ദൗത്യം തുടരും. നേരത്തെ NDRF- ഫയർഫോഴ്സ് ദൗത്യസംഘത്തിലെ നാല് പേർ ഹിറ്റാച്ചിക്ക് അടുത്ത് എത്തിയെങ്കിലും കൂറ്റൻ പാറകൾ മൂടിക്കിടക്കുന്നതിനാൽ ഓപ്പറേറ്ററെ കണ്ടെത്താനാകാതെ മടങ്ങി.
ക്യാബിന് മുകളിൽ ഉള്ള പാറ കഷ്ണങ്ങൾ മാറ്റാൻ ആണ് ദൗത്യ സംഘം ഇറങ്ങിയത്. അത് പൂർത്തിയാക്കി അവർ തിരികെ കയറി. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രൈൻ അര മണിക്കൂറിൽ എത്തും. ആവശ്യമെങ്കിൽ ആലപ്പുഴയിൽ നിന്ന് കൂടുതൽ ശേഷിയുള്ള ഹിറ്റാച്ചി എത്തിക്കും. റോപ്പ് ഘടിപ്പിക്കാൻ ഉള്ള സൗകര്യങ്ങൾ ചെയ്തു. ക്രെയിൻ എത്തിയാൽ റോപ്പ് ഉപയോഗിച്ച് ബുൾഡോസറിനെ താഴേക്ക് മാറ്റുമെന്ന് കലക്ടർ പറഞ്ഞു.
പാറ കഷണങ്ങൾക്കിടയിൽ മഹാദേവ പ്രധാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തിരുന്നു. ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് കലക്ടർ ഉത്തരവിറക്കി.