പി ജെ കുര്യൻ യൂത്ത് കോൺഗ്രസ്സ് വിവാദം: കുര്യനോട് ചേർന്ന് ചെന്നിത്തല #PJ_KURIEN



തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസിനെതിരായ മുതിർന്ന നേതാവ് പി ജെ കുര്യന്റെ വിമർശനത്തെ ശരിവെച്ച് രമേശ് ചെന്നിത്തല. കുര്യന്റെ അഭിപ്രായം സദുദ്ദേശത്തോടെയാണെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. പാർട്ടിയിലെ മുതിർന്ന നേതാവാണ് പി ജെ കുര്യൻ, അദ്ദേഹത്തെ ഇങ്ങനെ വിമർശിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. അഭിപ്രായം പറഞ്ഞതിന് പിന്നാലെ കുര്യനെതിരെ യൂത്ത് കോൺ​ഗ്രസ് നേതാക്കൾ രൂക്ഷമായി പ്രതികരിക്കുന്നതിനിടെയാണ് ചെന്നിത്തല മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.

കോൺ​ഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസം​ഗമം പരിപാടിയിൽ വച്ചാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയം​ഗം കൂടിയായ പി ജെ കുര്യൻ യൂത്ത് കോൺ​ഗ്രസിനെ നിശിതമായി വിമർശിച്ചത്. ക്ഷുഭിത യൗവ്വനത്തെ കൂടെ നിർത്തുന്നത് എസ്എഫ്ഐയാണെന്നും യൂത്ത് കോൺ​ഗ്രസ് നേതാക്കളെ ടി വിയിൽ മാത്രമേ കാണാറുള്ളെന്നുമായിരുന്നു പി ജെ കുര്യന്റെ പരാമർശം. ഒരു മണ്ഡലത്തിൽ നിന്ന് 25 ചെറുപ്പക്കാരെപ്പോലും ഒപ്പം കൂട്ടാൻ യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. സംസ്ഥാന പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിൽ ഒക്കെയേ കാണാറുള്ളൂ. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചു കൂട്ടുന്നില്ലെന്നും കുര്യൻ ചോദിച്ചിരുന്നു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. എന്നാൽ പിന്നാലെ കുര്യനെതിരെ അധിക്ഷേപ പരാമർശങ്ങളും സൈബർ ആക്രമണങ്ങളുമായാണ് യൂത്ത് കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചത്.
 



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0