ന്യൂഡൽഹി: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. വിഷയത്തിൽ ചെയ്യാൻ പറ്റുന്ന പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും, ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചത്.
വധശിക്ഷ തടയാൻ കേന്ദ്രസർക്കാർ നയതന്ത്ര ഇടപെടൽ നടത്തണമെന്നും ദിയാധനം നൽകാനുള്ള സാഹചര്യം സൃഷ്‌ടിക്കണമെന്നും ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ കോടതിയെ വിവരമറിയിച്ചത്. ജൂലൈ 16നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
‘വിഷയത്തിൽ കേന്ദ്ര സർക്കാരിന് ചെയ്യാന്‍ കഴിയുന്നതിൽ ഒരു പരിധിയുണ്ട്. ആ പരിധിയിൽ സർക്കാർ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു. മറ്റ് രാജ്യങ്ങളെപ്പോലെയല്ല യമൻ. സർക്കാർ ഇടപെടൽ സാധ്യമല്ലാത്തതിനാൽ ഇപ്പോൾ സ്വകാര്യതലത്തിലാണ് വിഷയത്തെ സമീപിക്കുന്നത്.’– അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു.
മരിച്ച തലാൽ അബു മഹ്‌ദിയുടെ കുടുംബത്തിന് ദിയാധനം നൽകി നിമിഷ പ്രിയയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിനായി യമനിലെ സ്വകാര്യ വ്യക്തികൾ വഴി തലാൽ അബു മഹ്‌ദിയുടെ കുടുംബവുമായി സംസാരിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായായിരുന്നു. ക്ലിനിക്ക് തുടങ്ങാൻ പങ്കാളിയായ യമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് 2017 ജൂലൈ 25ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
നിമിഷ പ്രിയയുടെ കാര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സർക്കാർ #Nimishapriya
By
Open Source Publishing Network
on
ജൂലൈ 14, 2025