ഇന്ന് നടന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ;
പ്രകൃതി ദുരന്തം; ധനസഹായം
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 473 ദുരന്തബാധിതർക്ക് വിതരണം ചെയ്യുന്നതിനുളള CMDRF വിഹിതമായ 95,32,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.
ടെലികമ്മ്യൂണിക്കേഷന്‍ ചട്ടങ്ങള്‍ നടപ്പാക്കും
2024ലെ ടെലികമ്മ്യൂണിക്കേഷന്‍ (റൈറ്റ് ഓഫ് വേ) ചട്ടങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചു.
സർക്കാർ ഗ്യാരണ്ടി അനുവദിക്കും
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് നാഷണൽ സഫായി കർമചാരീസ് ഫിനാൻസ് & ഡെവലപ്മെന്റ് കോർപ്പറേഷനിൽ (NSKFDC) നിന്നും വായ്പ എടുക്കുന്നതിനു 5 വർഷത്തേക്ക് 50 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.
പുനര്‍നിയമനം
കേരള ലോക് ആയുക്ത രജിസ്ട്രാറായി റിട്ട. ജില്ലാ ജഡ്ജ് ഇ. ബൈജുവിന് രണ്ടു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കും. തിരുവനന്തപുരം തിരുമല സ്വദേശിയാണ്.
ഭേദഗതി ഓര്‍ഡിനന്‍സിന്‍റെ കരട് അംഗീകരിച്ചു
കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ (സര്‍വ്വകലാശാലകളുടെ കീഴിലുള്ള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ആക്ടിന്‍റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന NUALSനെ ആക്ടിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള ഭേദഗതി ഓര്‍ഡിനന്‍സിന്‍റെ കരട് അംഗീകരിച്ചു. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാനും തീരുമാനിച്ചു.
60 വയസ്സാക്കി ഉയർത്തും
ഇ.പി.എഫ്. പെൻഷൻ പരിധിയിൽ വരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്ന് 60 വയസ്സാക്കി ഉയർത്തും.
പാട്ടത്തുക പുതുക്കി
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് പാട്ടത്തിന് അനുവദിച്ച എറണാകുളം വാഴക്കാല വില്ലേജില്‍പ്പെട്ട 40.47 ആര്‍ സര്‍ക്കാര്‍ ഭൂമിക്ക് പാട്ടത്തുക പുതുക്കി നിശ്ചയിച്ചു.
തുടർച്ചാനുമതി
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭൂസംരക്ഷണ വിഭാഗം സ്പെഷ്യൽ തഹസീൽദാരുടെ കാര്യാലയത്തിലെ 6 തസ്തികകൾ ഉൾക്കൊള്ളുന്ന ലാൻഡ് കൺസർവൻസി യൂണിറ്റിന് 01.04.2025 മുതൽ 31.03.2026 വരെ ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകും.
കെ.വി.റാബിയയുടെ ചികിത്സാ ചിലവ് വഹിക്കും
അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ കെ.വി.റാബിയയുടെ ചികിത്സയ്ക്ക് ചിലവായ 2,86,293 രൂപ അനന്തരാവകാശികളായ മൂന്ന് സഹോദരിമാരിൽ ഒരാളായ ആരിഫയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.
സർക്കാർ ഗ്യാരന്റി
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനുള്ള സർക്കാർ ഗ്യാരന്റി, നിലവിലെ 6,000 കോടി രൂപയിൽ നിന്നും, 14,000 കോടി രൂപയായി ഉയർത്തും.
ജോലി നല്‍കും
വനം വന്യജീവി വകുപ്പിൽ സൂപ്പർന്യൂമററി തസ്തികയിൽ ഫോറസ്റ്റ് വാച്ചറായി സേവനത്തിലിരിക്കേ 03.09.2015-ൽ അന്തരിച്ച എൻ. ശിവരാമ പിള്ളയുടെ മകളായ കാർത്തിക.എസ്.പിള്ളയ്ക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം വനം വന്യജീവി വകുപ്പിൽ കൊല്ലം ജില്ലയിൽ ക്ലർക്കായി ജോലി നൽകും.