നിമിഷപ്രിയയുടെ മോചനം: യെമൻ ഭരണകൂടവുമായി ചർച്ച നടത്തിയെന്ന് വിവരം #Nimisha_Priya

 

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. യെമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായാണ് വിവരം. യെമൻ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നെന്നാണ് സൂചന. ആശാവഹമായ മറുപടി ലഭിച്ചതായും കാന്തപുരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. 

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നൽകിയിട്ടുണ്ട്. അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എം പിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. 

യെമൻ പൗരൻ തലാൽ അബ‌ മഹ്‌ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. 2017 മുതൽ യെമനിലെ ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0