വടകര: പുതുപ്പണത്ത് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സിപിഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗരസഭ കൗണ്‍സിലറുമായ കെ.എം. ഹരിദാസന്‍, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, പ്രവര്‍ത്തകനായ ബിബേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുരണ്ടുപേരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെ പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. വായനശാലയുടെ മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തകര്‍ന്ന ഷീറ്റ് മാറ്റുന്നത് സംബന്ധിച്ച് കുറച്ചുദിവസങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഷീറ്റ് മാറ്റിയാല്‍ തൊട്ടടുത്ത വീടിന് നാശനഷ്ടമുണ്ടാകുമെന്ന് പറഞ്ഞതായിരുന്നു തര്‍ക്കത്തിന് കാരണം. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് രാത്രികാല പട്രോളിങ്ങും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെ ഒരു സംഘമെത്തി സിപിഎം പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച പുതുപ്പണത്ത് സിപിഎം ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്. വൈകീട്ട് അഞ്ചുമണി വരെയാണ് ഹര്‍ത്താല്‍.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.