റാപ്പർ വേടനെതിരെ എടുത്ത പുലിപ്പല്ല് കേസിൽ വനംമന്ത്രിക്ക് വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർ. കേസ് എടുത്തതിന്റെ പശ്ചാത്തലമാകും മറുപടിയായി നൽകുക. കേസിൽ വേടന് ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം.വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്തിനെ കണ്ടെത്താൻ ശ്രമം തുടങ്ങി. വേടന്റെ മാനേജരുടെയും സഹായികളുടെയും മൊഴി എടുക്കും. സാമൂഹിക മാധ്യമങ്ങൾ വഴി ബന്ധപെടാനും ശ്രമിക്കുന്നുണ്ട്.
പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നിങ്ങനെയാണ് നിർദേശങ്ങൾ. സമ്മാനമായി ലഭിച്ചത് പുലിപല്ലാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരുന്നുവെന്നും വേടൻ കോടതിയെ അറിയിച്ചു.
തിങ്കളാഴ്ച തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആദ്യം പിടികൂടിയത്. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.