സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിനായി സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരം 4 മണിക്ക് 14 ജില്ലകളിലും മോക്ക് ഡ്രിൽ നടക്കും. മോക്ക് ഡ്രിൽ വിജയകരമായി നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി എ ജയതിലക് ജില്ലാ കളക്ടർമാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാനത്ത് മോക്ക് ഡ്രിൽ നടത്തുന്നത്. മോക്ക് ഡ്രില്ലിനുള്ള ഒരുക്കങ്ങൾ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അവലോകനം ചെയ്തു. പൊതുജനങ്ങളും സംഘടനകളും സഹകരിക്കാനും ജാഗ്രത പാലിക്കാനും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
റെസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക്ക് ഡ്രില്ലുകൾക്കായി വാർഡൻമാരെ നിയമിക്കണം
ആരാധനാലയങ്ങളിൽ അനൗൺസ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ജനങ്ങളെ അറിയിക്കണം
സ്‌കൂളുകളിലും ബേസ്‌മെന്റുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കണം
ബ്ലാക്ക്ഔട്ട് സമയത്ത്, വാർഡൻമാരുടെ നിർദ്ദേശപ്രകാരം കെട്ടിടങ്ങൾക്കുള്ളിൽ മോക്ക് ഡ്രിൽ തുടരണം
മോക്ക് ഡ്രില്ലിന്റെ സമയത്ത് വീടുകളിൽ ലൈറ്റുകൾ ഓഫ് ചെയ്യണം
അടിയന്തര ഘട്ടങ്ങളിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തേക്ക് ഒഴുകുന്നത് തടയാൻ ജനാലകളിൽ കട്ടിയുള്ള കാർഡ്ബോർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കണം
ജനാലകൾക്ക് സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക
വൈകുന്നേരം 4 മണിക്ക് സൈറൺ മുഴങ്ങുമ്പോൾ, വീടുകളുടെയും ഓഫീസുകളുടെയും അകത്തും പുറത്തുമുള്ള ലൈറ്റുകൾ ഓഫ് ചെയ്യണം
വീടിനുള്ളിൽ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി ബ്ലാക്ക്ഔട്ട് നടത്തുക
സമയബന്ധിതമായി അവിടെ പോകുക
തീപിടുത്തം ഒഴിവാക്കാൻ, ബ്ലാക്ക്ഔട്ട് സൈറൺ കേട്ടാലുടൻ ഗ്യാസ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഓഫ് ചെയ്യുക
പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണം