പാകിസ്ഥാൻ ഭീകര ക്യാമ്പുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം മുംബൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തര പരിശോധനകൾ ആരംഭിച്ചു. ബുധനാഴ്ച മുംബൈയിലെ സഹർ വിമാനത്താവളത്തിലേക്കുള്ള ഫോൺ കോളിലാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇൻഡിഗോ വിമാനത്തിൽ സ്ഫോടകവസ്തു ഉണ്ടെന്നായിരുന്നു വിവരം.
സുരക്ഷാ ഏജൻസികൾ ഉടൻ തന്നെ അടിയന്തര നടപടികൾ ആരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിമാനത്താവളത്തിൽ പരിശോധനകളും മറ്റ് മുൻകരുതൽ നടപടികളും ആരംഭിച്ചു. ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. സമീപകാല സൈനിക നടപടികളുമായി ഭീഷണിക്ക് ബന്ധമുണ്ടോ എന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സായുധ സേന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയതിന് ശേഷമാണ് ഭീഷണി. ഏപ്രിൽ 22 ന് പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായായിരുന്നു ഈ ഓപ്പറേഷൻ.
സൈബർ ആക്ട് അനുസരിച്ച്, അശ്ലീലവും നിയമവിരുദ്ധവും അപകീർത്തികരവും പ്രകോപനപരവുമായ അഭിപ്രായങ്ങൾ ഒഴിവാക്കണം. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടെ മാത്രം അഭിപ്രായങ്ങളാണ്.