ഇസ്ലാമാബാദ്: 'ഓപ്പറേഷൻ സിന്ദൂര'ത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. നേരത്തെ, പാകിസ്ഥാൻ ദേശീയ അസംബ്ലിയിലും പാകിസ്ഥാൻ പ്രധാനമന്ത്രി പ്രകോപനപരമായ പ്രതികരണം നടത്തിയിരുന്നു.
അതേസമയം, പാകിസ്ഥാനിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ലൈറ്റുകൾ പൂർണ്ണമായും ഓഫ് ചെയ്യണമെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമായും ലാഹോർ, ഇസ്ലാമാബാദ്, കറാച്ചി മേഖലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ സൈന്യം സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ സിന്ദൂര'ത്തിൽ ഇതുവരെ 70 പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈനിക നടപടി. 60 ലധികം ഭീകരർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാനിലെ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ ക്യാമ്പുകൾ ഇന്ത്യ ലക്ഷ്യമിട്ടു. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട ആക്രമണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെയാണ് വ്യോമസേന, കരസേന, നാവികസേന എന്നിവ സംയുക്തമായി ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകളാണ് 'ഓപ്പറേഷൻ സിന്ദൂർ' ലക്ഷ്യമിട്ടത്. ബഹാവൽപൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദ് ആസ്ഥാനമായ 'മർകസ് സുബ്ഹാനല്ല', മുരിദ്‌കെയിലെ ലഷ്‌കർ ആസ്ഥാനമായ 'മർകസ് തൈബ', തെഹ്‌റ കലാനിലെ 'സർജൽ' ജെയ്‌ഷെ കേന്ദ്രങ്ങൾ, കോട്‌ലിയിലെ 'മർകസ് അബ്ബാസ്', മുസാഫറാബാദിലെ 'സൈദുന ബിലാൽ ക്യാമ്പ്', ബർണാലയിലെ 'മർകസ് അഹ്‌ലെ ഹദീസ്' ലഷ്‌കർ ക്യാമ്പുകൾ, മുസാഫറാബാദിലെ 'ഷവായ് നല്ല ക്യാമ്പ്', സിയാൽകോട്ടിലെ ഹിസ്ബുൾ മുജാഹിദീൻ ബേസ് 'മെഹ്മുന ജോയ' എന്നിവ ഇന്ത്യ ആക്രമിച്ചു.