പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ ജില്ലയിലെ വിദ്യാലയങ്ങളിൽ രാസലഹരി ഉൾപ്പെടെ എല്ലാ വിധത്തിലുമുള്ള ലഹരികൾക്കും മയക്കുമരുന്നിനും എതിരെ കർക്കശ പരിശോധനയും നടപടിയും സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലയിൽ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയ വിദ്യാലയങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും. പുകയിലയും ലഹരി പദാർഥങ്ങളും വിൽക്കുന്ന കടകൾ കണ്ടെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളും എക്‌സൈസ് വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. ലഹരിക്കെതിരായ നടപടികൾക്ക് വിദ്യാർഥികളിൽനിന്ന് വിവരം ശേഖരിക്കും. എല്ലാ വിദ്യാലയങ്ങളിലും സ്‌കൂൾ തുറന്ന് ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികൾ ചേരാൻ യോഗം തീരുമാനിച്ചു. കെ വി സുമേഷ് എംഎൽഎയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്.