നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി..#crime

 


എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി. സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നി, എഐജി ശിവ് പണ്ഡെ എന്നിവര്‍ നെടുമ്പാശേരിയില്‍ എത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്നു. റിമാന്‍ഡില്‍ ആയ സാഹചര്യത്തില്‍ പ്രതികളെ സര്‍വീസില്‍ നിന്നും നീക്കാന്‍ നടപടി ആരംഭിക്കാന്‍ നിര്‍ദ്ദേശം. അന്വേഷണവുമായി ബന്ധപ്പെട്ട്. സിഐഎസ്എഫ് എ ഐ ജി കേരളത്തില്‍ തുടരും.

സിഐഎസ്എഫ് ഉദ്യോഗസ്ഥരായ പ്രതികളെ എത്രയും പെട്ടന്ന് സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ഐവിന് ജിജോയുടെ കുടുംബവും ആവശ്യപ്പെട്ടു. ഈ നാട്ടില്‍ ജീവിക്കാന്‍ ഇപ്പോള്‍ ഭയമാണെന്ന് ഐവിന്റെ അമ്മ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാല്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച അവര്‍ ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാവരുതെന്നും ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് തക്കതായ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇടപെടണമെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം കേസില്‍ പൊലീസ് അന്വേഷണ നടപടികള്‍ ഊര്‍ജിതമാക്കി. കേസിലെ രണ്ടു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ കിട്ടിയശേഷം പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. തര്‍ക്കത്തിനിടയില്‍ പ്രതികള്‍ കാറെടുത്തു പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വന്നിട്ട് പോയാല്‍ മതിയെന്ന് ഐവിന്‍ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസിലെ രണ്ട് പ്രതികളായ സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിപുലീകരിച്ച അന്വേഷണസംഘം രൂപീകരിക്കുവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. 37 മീറ്റര്‍ ബോണറ്റില്‍ വലിച്ചുകൊണ്ടുപോയ ശേഷം ഐവിന്‍ റോഡിലേക്ക് വീണ് കാറിനടിയില്‍ പെടുകയായിരുന്നു. ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ അങ്കമാലി തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ഐവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0