എലത്തൂര്‍(കോഴിക്കോട്): പുതിയങ്ങാടിയിലെ സ്വകാര്യ പെട്രോള്‍ പമ്പില്‍ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഇന്ധനംനിറച്ച് കടന്നുകളഞ്ഞ ക്വട്ടേഷന്‍ സംഘം കോടതിയില്‍ കീഴടങ്ങി. കുണ്ടൂപ്പറമ്പ് പൊയ്തല്‍ താഴത്ത് പി.വി. രാഹുല്‍ (29), തലക്കുളത്തൂര്‍ അന്നശ്ശേരി വീട്ടില്‍ കെ. ശ്രീജേഷ് (30) എന്നിവരാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കിടങ്ങിയത്. കഴിഞ്ഞദിവസം രാത്രിയാണ് ബൈക്കില്‍ എത്തിയ പ്രതികള്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി ഇന്ധനം നിറച്ചശേഷം പണം കൊടുക്കാതെ കടന്നുകളഞ്ഞത്.
ഇന്ധനം നിറക്കാന്‍ വരിയില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളിലെ യാത്രക്കാരെയും ഇവര്‍ കത്തിവീശി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം നടന്ന സമയം മുതല്‍ എലത്തൂര്‍ പോലീസ് പ്രതികളുടെ പിന്നാലെയായിരുന്നു. പെട്രോള്‍ പമ്പിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ പ്രതികളുടെ ചിത്രം വ്യക്തമായിരുന്നില്ല. ഇത് അന്വേഷണത്തെ കുഴക്കിയെങ്കിലും തന്ത്രപരമായ ഇടപെടലിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് അറസ്റ്റിലുള്ള നീക്കം നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ ഇവര്‍ കോടതിയില്‍ കീഴടങ്ങിയത്. ഒളിവില്‍പോയ പ്രതികളുടെ വീടുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും തുടര്‍ച്ചയായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
മോരിക്കര ശ്രീജിത്ത് വധശ്രമകേസ് ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയാണ് രാഹുല്‍. ശ്രീജേഷ് മറ്റു രണ്ട് കേസുകളില്‍ക്കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്തിന്റെയും പ്രിന്‍സിപ്പല്‍ എസ്‌ഐ വി.ടി. ഹരീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.