ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിന്റെ വീട് നേരത്തെ അധികൃതർ തകർത്തിരുന്നു.
ആസിഫ് ഷെയ്ക്ക് ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.
പുൽവാമയിലെ നാദേര്‍, ത്രാല്‍ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്നു ഭീകരവാദികളെയും സുരക്ഷാ സേന വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന ഷോപിയാനില്‍ വെച്ച് വധിച്ചിരുന്നു. ഇവരില്‍നിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടി. ഇതിന് ശേഷം കൂടുതല്‍ ഭീകരവാദികളുണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലായിരുന്നു. ഈ സമയത്ത് ത്രാലില്‍ ഭീകരവാദികളെത്തിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.