മധ്യ നൈജീരിയൻ സംസ്ഥാനമായ നൈജറിൽ പെയ്ത മഴയിൽ 150 ലധികൾ ആളുകൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച രാത്രി ആരംഭിച്ച മഴ വ്യാഴാഴ്ച രാവിലെ വരെ നീണ്ടുനിന്നതിനെ തുടർന്ന് മോക്വ പട്ടണം വെള്ളപ്പൊക്കത്തിൽ മുങ്ങി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഖലയിലെ ഏകദേശം 3,000 വീടുകൾ വെള്ളത്തിനടിയിലായതായാണ് വിവരം.
ഏപ്രിലിൽ കാലവര്‍ഷം ആരംഭിക്കുന്നതോടെ നൈജീരിയയിൽ പ്രളയം പതിവാണ്.2022-ൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കത്തെ രാജ്യം അഭിമുഖീകരിച്ചത്. അന്ന് 600ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 1.4 ദശലക്ഷം ആളുകൾക്ക് വീട് അടക്കം നഷ്ടപ്പെട്ടിരുന്നു. ഏകദേശം 440,000 ഹെക്ടർ വിസ്തൃതിയുള്ള കൃഷിഭൂമിയും പ്രളയത്തില്‍ നശിപ്പിക്കപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥയാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം കൂടുതൽ വഷളാക്കിയതെന്നാണ് മോക്വ തദ്ദേശ സ്വയംഭരണ പ്രദേശത്തിന്റെ ചെയർമാൻ ജിബ്രിൽ മുരേഗി അഭിപ്രായപ്പെട്ടിരിക്കുന്നത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.