പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള രണ്ടുപേർ പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളാണെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഹാഷിം മൂസയും അലി ഭായിയും രണ്ട് വർഷം മുമ്പ് ഇന്ത്യയിൽ നുഴഞ്ഞുകയറിയതായി പോലീസ് കണ്ടെത്തി. കാശ്മീരി സ്വദേശിയായ ആദിൽ ഹുസൈൻ തോഖറും ഇവരോടൊപ്പം ഭീകരാക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പോലീസ് കണ്ടെത്തി. ഹാഷിം മൂസ മുമ്പ് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസികൾ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി ഇന്ത്യ ഇക്കാര്യം വിശദീകരിച്ചു. ഇന്ത്യ ക്ഷണിച്ചതനുസരിച്ച് യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാർ വിദേശകാര്യ മന്ത്രാലയം സന്ദർശിച്ചു.
ഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവരെയും അതിന് ഗൂഢാലോചന നടത്തിയവരെയും കഠിനമായി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അവർക്ക് സങ്കൽപ്പിക്കാനാവാത്ത പ്രതികാരം നൽകുമെന്ന് നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച നടപടികൾക്കെതിരെ പാകിസ്ഥാൻ പ്രതികാരം പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിടാനും ഷിംല ഉൾപ്പെടെയുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗാ അതിർത്തി അടച്ചിടുമെന്നും ഇന്ത്യൻ പൗരന്മാർക്കുള്ള വിസകൾ മരവിപ്പിക്കുമെന്നും ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവയ്ക്കുമെന്നും പാകിസ്ഥാൻ പ്രഖ്യാപിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരായ നീക്കം പ്രഖ്യാപിച്ചത്. ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് പാകിസ്ഥാൻ നടപടികളും പ്രഖ്യാപിച്ചത്.