എറണാകുളം : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിനെതിരെ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. സംവിധായകൻ പൃഥ്വിരാജിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ആൻ്റണിക്കെതിരെ നടപടി. ചിത്രത്തിൻ്റെ നിർമ്മാതാവ് ഗോകുലം ഗോപാലൻ്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയതിന് പിന്നാലെയാണ് പൃഥ്വിരാജിനും ആൻ്റണിക്കും ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയത്.
ആശിർവാദ് ഫിലിംസിൽ 2022ൽ നടന്ന റെയ്ഡിൻ്റെ തുടർനടപടിയാണ് ആൻ്റണിക്ക് നോട്ടീസ് നൽകിയതിന് ആദായനികുതി വകുപ്പിൻ്റെ വിശദീകരണം. ലൂസിഫർ, മരയ്ക്കാർ എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് നോട്ടീസ്. ദുബായിൽ മോഹൻലാലിന് രണ്ടര കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് ആൻ്റണിയോട് ആദായ നികുതി വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.
പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങൾ തേടിയാണ് പൃഥ്വിരാജിന് നോട്ടീസ് നൽകിയത്. സഹനിർമ്മാതാവെന്ന നിലയിൽ പൃഥ്വിരാജ് 40 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തൽ. ഈ മാസം 29നകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. 2022 മുതൽ പുറത്തിറങ്ങിയ സിനിമകളുടെ പേരിലാണ് അന്വേഷണം. നോട്ടീസ് അയക്കുന്നത് സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
എമ്പുരാൻ സിനിമയ്‌ക്കെതിരെ സംഘപരിവാറിൻ്റെ സൈബർ ആക്രമണം വ്യാപകമായതോടെ ചിത്രത്തിൻ്റെ സംവിധായകൻ, നിർമ്മാതാക്കൾ എന്നിവർക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടി സ്വീകരിച്ചു. രണ്ട് ദിവസമായി ചെന്നൈയിലെ വസതിയിൽ ചോദ്യം ചെയ്ത ഗോകുലം ഗോപാലനെ ഇന്ന് ചോദ്യം ചെയ്യും.
ഗുജറാത്ത് വംശഹത്യ ചിത്രീകരിച്ചതിന് പിന്നാലെ ചിത്രത്തിനെതിരെ സംഘപരിവാർ സൈബർ ആക്രമണം വ്യാപകമായിരുന്നു. തുടർന്ന് സിനിമയിൽ 24 കട്ട് ചെയ്ത് എഡിറ്റ് ചെയ്ത് പുതിയ പതിപ്പ് പുറത്തിറങ്ങി.