ജമ്മു & കാശ്മീര്‍ : ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ട് ദിവസത്തെ സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി. ഡൽഹിയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ അടിയന്തര യോഗം നടത്തി. അജിത് ഡോവലും എസ് ജയ്ശങ്കറും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും യോഗത്തിൽ പങ്കെടുത്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഹമ്മദ് ബിൻ സൽമാൻ രംഗത്ത് വന്നു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നലെ ഉച്ചയ്ക്ക് ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ നടന്നിരുന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭാ യോഗം ചേരും. ഭീകരാക്രമണത്തിനു ശേഷമുള്ള സുരക്ഷാ സാഹചര്യം യോഗം അവലോകനം ചെയ്യും. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭീകരർക്കായി സൈന്യവും പോലീസും വ്യാപകമായ തിരച്ചിൽ നടത്തുന്നു. ഭീകരാക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനും മരിച്ചവരിൽ ഉൾപ്പെടുന്നു. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയ രാമചന്ദ്രനെ മകളുടെ മുന്നിൽ വെച്ച് തോക്കുധാരികൾ വെടിവച്ചു കൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇന്ന് രാവിലെ എൻഐഎ സംഘം സംഭവസ്ഥലം സന്ദർശിക്കും. ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.