പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കുന്നു മന്ത്രി മുഹമ്മദ് റിയാസ്# Thiruvanthapuram


തിരുവനന്തപുരം: നാടിന് ഗുണകരമായ പദ്ധതികളിൽ അള്ളുവെക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സി പ്ലെയിൻ വിഷയത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ആർക്കും പരാതി ഇല്ലാതെ സീ പ്ലെയിൻ പദ്ധതി നടപ്പാക്കും. കേരളത്തിൽ നിരവധിയായ ഡാമുകൾ ഉണ്ട്. അത് പ്രയോജനപ്പെടുത്തും. കേരളത്തിൻറെ ബീച്ചുകൾ വാട്ടർ സ്പോർട്സിനുള്ള സ്ഥലങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു. സി പ്ലെയിൻ നേരത്തെ കൊണ്ടുവരാൻ ശ്രമിച്ചത് വേണ്ടത്ര ഹോം വർക്ക് ചെയ്യാതെയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതെന്നും പറഞ്ഞു. അന്ന് പദ്ധതിയിൽ ആവശ്യമായ ഹോം വർക്കിൻ്റെ പോരായ്മ ഉണ്ടായെന്നും ഡാമുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെ ഹോംസ് പദ്ധതിയിലൂടെ ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം മാറി. സഞ്ചാരികൾ മുഴുവൻ ഫൈസ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നവർ അല്ല. ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കെ ഹോംസ് പദ്ധതിക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ടെന്നും ബജറ്റ് പാസായാൽ ഉടൻ പദ്ധതി തുടങ്ങും അദ്ദേഹം അറിയിച്ചു. ആൾതാമസം ഇല്ലാത്ത വീടുകളെ പരമാവധി കണ്ടെത്തി ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ആദ്യഘട്ടം കൊണ്ടുവരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. നിയമസഭാ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ മറുപടി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0