ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക #America
By
Editor
on
ഫെബ്രുവരി 04, 2025
വാഷിങ്ടൺ: ഇന്ത്യൻ കുടിയേറ്റക്കാരെ യുദ്ധവിമാനത്തിൽ നാടുകടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് അമേരിക്കൻ സി-17 എന്ന സൈനിക വിമാനം തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 1.5 ദശലക്ഷം പേരെ നാടുകടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അതിൽ ഏകദേശം 18,000 പേർ ഇന്ത്യൻ പൗരരാണ്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റാണ് ഈ പട്ടിക തയ്യാറാക്കിയത്. നിലവിൽ വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഏകദേശം 725,000 അനധികൃത കുടിയേറ്റക്കാർ യുഎസിൽ താമസിക്കുന്നുണ്ട്.
ട്രംപ് കുടിയേറ്റ വേട്ട ആരംഭിച്ചതോടെ ഇവർ ഉൾപ്പെടെ 1.4കോടി കുടിയേറ്റക്കാർ അമേരിക്കയിൽനിന്ന് പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ്. അമേരിക്കയിൽ 1.1– 1.4 കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. 2.5 കോടി പേരുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. സ്കൂളിലും കോളേജുകളിലും പോകുന്ന കുട്ടികൾ വരെ ഇക്കൂട്ടത്തിലുണ്ട്. പ്യൂ റിസർച്ചിന്റെ കഴിഞ്ഞവർഷത്തെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരിൽ മെക്സിക്കോ, സാൽവദോർ എന്നിവിടങ്ങളിൽനിന്നുള്ളവർ കഴിഞ്ഞാൽ മൂന്നാമതാണ് ഇന്ത്യക്കാർ.
കഴിഞ്ഞ മാസം, യുഎസിൽ നിന്നുള്ള നാടുകടത്തൽ ഭീഷണികളെക്കുറിച്ച് ചോദിച്ചപ്പോൾ, രേഖകളില്ലാത്ത ഇന്ത്യക്കാരെ അവരുടെ രാജ്യത്തേക്ക് നിയമാനുസൃതമായി തിരികെ കൊണ്ടുവരും ഇന്ത്യ എന്ന് പറഞ്ഞിരുന്നു. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തുന്നവരെക്കുറിച്ച് ഇന്ത്യ പരിശോധിച്ചുവരികയാണെന്നും അത്തരം വ്യക്തികളുടെ എണ്ണം ഇതുവരെ നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. അമേരിക്കയിൽനിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ഏറ്റെടുക്കുന്ന കാര്യത്തിൽ മോദി "ശരിയായ നടപടി' സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ടെക്സസിലെ എൽ പാസോയിലും കാലിഫോർണിയയിലെ സാൻ ഡീഗോയിലും യുഎസ് അധികാരികൾ തടവിലാക്കിയിരിക്കുന്ന 5,000-ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള വിമാന സർവീസുകളും പെന്റഗൺ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് സൈനിക വിമാനങ്ങൾ കുടിയേറ്റക്കാരെ എത്തിച്ചിട്ടുണ്ട്.