കാറിടിപ്പിച്ച് കോമയിലാക്കിയ 9 വയസുകാരിയുടെ അപകടത്തിൽ പ്രതി പിടിയിലായി#Kerala
By
Editor
on
ഫെബ്രുവരി 10, 2025
കോഴിക്കോട് : വടകരയിൽ ഒമ്പതു വയസുകാരിയെ കാറിടിപ്പിച്ച് കോമയിലാക്കിയ അപകടത്തിൽ പ്രതി പിടിയിൽ. വടകര സ്വദേശിനി ദൃഷാനയെ അപകടത്തിലാക്കിയ പുരമേരി സ്വദേശി ഷെജിലാണ് പിടിയിലായത്. കോയമ്പത്തൂർ വിമാനത്താവളത്തിൽവച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയെ വടകര പൊലീസിന് കൈമാറും. ദൃഷാനയെ കോമയിലാക്കിയ അപകടം നടന്നിട്ട് ഒരു വർഷം കഴിയാനിരിക്കെയാണ് ഷെജീൽ പിടിയിലാകുന്നത്.
ഫെബ്രുവരി 17നാണ് ദേശീയ പാത വടകര ചോറോടിൽ അപകടം നടക്കുന്നത്. വാഹനമിടിച്ച് ദൃഷാനയുടെ മുത്തശ്ശി ബേബി മരിക്കുകയും ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോമയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ സ്ഥിര താമസമാണ് കുടുംബം.
ഇൻഷുറൻസ് ക്ലെയിം ചെയ്തതോടെയാണ് ഷെജീൽ കുരുക്കിലാകുന്നത്. പൊലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ വന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്. പിന്നീടാണ് പ്രതി ഷെജീലാണെന്ന് കണ്ടെത്തുന്നത്. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി ഇയാൾ കാറിൽ രൂപമാറ്റം വരുത്തിയിരുന്നു.