എറണാകുളം : കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുഖ്യമന്ത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഉമാ തോമസിൻ്റെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. തനിക്ക് മികച്ച ചികിത്സ നൽകിയതിന് മുഖ്യമന്ത്രിക്ക് ഉമാ തോമസ് നന്ദി പറഞ്ഞു. എന്നാൽ, ഇത് തൻ്റെ കടമയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
എല്ലാവരും കൂടെയുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. രാജ്യം മുഴുവൻ അവിടെയുണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ചികിത്സയിൽ കഴിയുന്ന ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അടുത്തയാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഉമാ തോമസിൻ്റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎൽഎയുടെ ഫെയ്‌സ്ബുക്ക് സംഘം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ രാധാമണി പിള്ള, മറ്റ് സഹപ്രവർത്തകർ എന്നിവരുമായി ഉമാ തോമസ് നടത്തിയ വീഡിയോ കോളിൻ്റെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. തനിക്ക് ഇപ്പോൾ അൽപ്പം ആശ്വാസമുണ്ടെന്നും വരുന്ന നിയമസഭയിൽ താൻ ഉണ്ടാകാനിടയില്ലെന്നും മന്ത്രി വന്നതിൽ സന്തോഷമുണ്ടെന്നും വീഡിയോ കോളിൽ ഉമാ തോമസ് പറയുന്നു. അതിനിടെ, കഴിഞ്ഞ ദിവസം എംഎൽഎ ഉമാ തോമസിനെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. അപകടം നടന്ന് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയത്.