മലപ്പുറം : പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 29 യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അമ്മിണിക്കാട് കുന്നുമ്മലിലാണ് സംഭവം. യാത്രക്കാരെ ഇറക്കാൻ നിർത്തിയ മറ്റൊരു ബസ് ബസിൻ്റെ പുറകിൽ ഇടിക്കുകയായിരുന്നു. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും തൂതയിൽ നിന്ന് താഴെക്കോട് വഴി പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്തിയിട്ടിരുന്ന ബസ് പിന്നിൽ നിന്ന് ഇടിച്ചതിനെ തുടർന്ന് അൽപം മുന്നോട്ട് നീങ്ങി. പരിക്കേറ്റവരിൽ ഭൂരിഭാഗവും ബസിൻ്റെ മുൻവശത്തുള്ളവരാണ്, ആരുടെയും പരിക്ക് ഗുരുതരമല്ല.