തൃശൂർ: ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ചക്കരക്കൽ ഇരിവേരി മുക്കിലെ പീടിക സദേശി റഫ്‌നാസ് (25) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കാട്ടാകുളം സ്വദേശി രാഹുലിൽനിന്ന് ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന വാഗ്ദാനം നൽകിയാണ് ഇയാൾ ഏഴ് ലക്ഷം രൂപ തട്ടിയെടുത്തത്.
രാഹുലും, രാഹുലിൻ്റെ ഭാര്യയും ഏഴ് ലക്ഷത്തോളം രൂപ പ്രതി പറഞ്ഞ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പണം കൊടുത്തിട്ടും ജോലിയോ ലാഭമോ ലഭിക്കാതായതോടെ രാഹുൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം പിൻവലിച്ച പ്രതി സ്വർണവും മറ്റും വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞു. വിദേശത്തു നിന്ന് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.