ദുരൂഹത നിറച്ച് മാമി തിരോധാനം: ഡ്രൈവറെയും ഭാര്യയേയും കാണാനില്ല ,ഓട്ടോറിക്ഷ കണ്ടെത്താൻ പോലീസ്‌ #crime

 

 


കോഴിക്കോട്:
കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആറ്റൂരിന്‍റെ (മാമി) തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാതായി. ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരൻ സുമൽജിത്ത് നടക്കാവ് പോലീസിൽ പരാതി നൽകി.

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിൽ താമസിച്ചിരുന്ന ഇരുവരും വ്യാഴാഴ്ച മുറി ഒഴിഞ്ഞ് ലോഡ്ജിൽ നിന്ന് ഇറങ്ങിപ്പോയെന്നും അതിനുശേഷം ഇരുവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും വീട് വിട്ടത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.

സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഓട്ടോറിക്ഷയിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഈ ഓട്ടോറിക്ഷ കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്.

റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആറ്റൂർ എന്ന മാമിയെ 2023 ഓഗസ്റ്റ് 21 ന് കാണാതായി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22 ന് ഉച്ചയോടെ അത്തോളി പറമ്പത്ത് തലക്കുളത്തൂർ പ്രദേശത്തുണ്ടെന്ന് കണ്ടെത്തി. പിന്നീട് 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലധികം ഫോൺ കോളുകൾ പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ അന്വേഷണം കോഴിക്കോട് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0