കണ്ണൂര്‍ : മരിച്ചെന്ന് കരുതി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരിച്ചയച്ചയാള്‍ക്ക് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പുതുജീവന്‍. മരിച്ചെന്നു സ്ഥിരീകരിച്ച് ആംബുലന്‍സില്‍ മംഗലാപുരത്ത് നിന്നും കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് എത്തിച്ച കണ്ണൂർ പച്ചപ്പൊയ്ക സ്വദേശി പവിത്രനാണ് പുനർജന്മം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി മംഗളൂരു കെഎസ് ഹെഗ്‌ഡെ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു പവിത്രൻ.
വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവൻ നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ദിവസങ്ങളോളം വെൻ്റിലേറ്ററിൽ കിടന്നിട്ടും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് ബന്ധുക്കൾ അദ്ദേഹത്തെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ആംബുലൻസിൽ പവിത്രനെ കണ്ണൂരിലെത്തിച്ചു. വീട്ടിലേക്ക് കൊണ്ടുപോകാതെ 'മൃതദേഹം' മോർച്ചറിയിൽ സൂക്ഷിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചത്.
തുടർന്ന് കണ്ണൂർ നഗരത്തിലെ തളാപ്പ് എകെജി സഹകരണ ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അറ്റൻഡർ അപ്രതീക്ഷിതമായി പവിത്രൻ്റെ കൈയിൽ സ്പർശിക്കുകയും ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു. അറ്റൻഡർ ഉടൻ തന്നെ ഡോക്ടർമാരെ വിവരമറിയിച്ചു. പരിശോധനയ്ക്ക് ശേഷം പവിത്രൻ ഇപ്പോൾ എകെജി ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ ചില പത്രങ്ങളിൽ പവിത്രൻ്റെ മരണവാർത്ത അച്ചടിച്ചു. ബന്ധുക്കളും നാട്ടുകാരും സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചുവരവിൻ്റെ വാർത്ത വന്നത്. പ്രാദേശിക ജനപ്രതിനിധികളുടെ സാക്ഷ്യത്തെ തുടർന്നാണ് മോർച്ചറി സൗകര്യം ഒരുക്കിയതെന്ന് എകെജി ആശുപത്രി അധികൃതർ പറഞ്ഞു.