പാപ്പിനിശേരി: ദേശീയപാത പാപ്പിനിശേരി വേളാപുരത്ത് കെഎസ്ആർടിസി ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. കല്യാശേരി പോളിടെക്നിക് വിദ്യാർത്ഥി ചേലേരി തെക്കേകരയിൽ ആകാഷ് വിഹാറിലെ ആകാശ് (19) ആണ് മരിച്ചത്. വീട്ടിൽ നിന്നു പോളിടെക്നിക്കിലേക്ക് പോകവേ വേളാപുരം അമലോത്മഭവ മാതാ ദേവാലയത്തിന് സമീപത്തായിരുന്നു അപകടം. ഉടനെ പാപ്പിനിശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആകാശ് സഞ്ചരിച്ച സ്കൂട്ടർ ദേശീയ പാതയിലെ ഡിവൈഡറിൽ തട്ടി റോഡിലേക്ക് തെറിച്ച് വീണ് ബസിന്റെ പിൻചക്രം കയറിയാണ് അപകടം ഉണ്ടായത്. ദേശീയ പാത നിർമാണ പ്രവർത്തി നടക്കുന്ന സ്ഥലത്ത് ഡിവൈഡറിനടുത്തായി വീതി കുറഞ്ഞ ഭാഗത്താണ് സ്കൂട്ടറിൽ ബസിടിച്ചത്.
അപകടത്തെ തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.അപകടം നടന്ന സ്ഥലത്ത് റോഡിൽ രക്തം തളം കെട്ടിയിരുന്നു.
അപകടം നടന്ന സ്ഥലത്ത് മാസങ്ങൾക്ക് മുന്നേയുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചിരുന്നു.
ചേലേരി തെക്കേ കരയിലെ പരേതനായ എം കെ മധുസൂദനന്‍റെയും സവിതയുടെയും ഏക മകനാണ് ആകാശ്.