പത്തനംതിട്ടയിൽ പോക്‌സോ കേസിൽ എട്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. ഇന്ന് അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്, ഡിഐജി അജിതാ ബീഗത്തിൻ്റെ മേൽനോട്ടത്തിൽ 25 ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പത്തനംതിട്ട ഡി.വൈ.എസ്.പി എസ്.നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
പീഡനക്കേസിൽ 64 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി.
ഇന്നും നാളെയുമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. രണ്ട് ദിവസത്തിനകം ജില്ലയിലെ മുഴുവൻ പ്രതികളെയും പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവസാനത്തെ ആളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതുവരെ അറസ്റ്റിലായവരിൽ ഭൂരിഭാഗവും 30 വയസ്സിൽ താഴെയുള്ളവരാണ്. പ്ലസ് ടു വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ്. ഓട്ടോ ഡ്രൈവർമാരും സംഘത്തിലുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ പലരും മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളാണ്.
കഴിഞ്ഞ രണ്ട് വർഷമായി താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് 18 കാരിയായ വിദ്യാർത്ഥിനി വെളിപ്പെടുത്തി. 13-ാം വയസ്സിൽ സഹപാഠിയായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി. പിതാവിൻ്റെ ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ഇങ്ങനെയാണ് സുബിൻ സന്ദേശങ്ങൾ അയച്ചതും മറ്റും. പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോൾ ബൈക്കിൽ കയറ്റി വീടിനടുത്തുള്ള അച്ചൻകോട്ടുമലയിൽ കൊണ്ടുപോയി ദൂരെയുള്ള റബ്ബർ തോട്ടത്തിൽ വെച്ചാണ് ബലാത്സംഗം ചെയ്തത്. ദൃശ്യങ്ങൾ ഫോണിൽ പകർത്തി.