കണ്ണൂർ ടൗണിൽ മലിനജന സംസ്കരണ പ്ലാന്റിലേക്ക് കണക്ഷൻ നൽകാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന്കോർപ്പറേഷൻ അധികൃതർ. കോർപ്പറേഷൻ പരിധിയിലെ മാർക്കറ്റ് ഉൾപ്പടെ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപെട്ട 51,52,53 ഡിവിഷൻ പരിധിയിലാണ് ആദ്യഘട്ടത്തിൽ എസ്ടിപി പ്ലാന്റിലേക്ക് കണക്ഷൻ നൽകേണ്ടത്.
ഹോട്ടൽ, റസ്റ്റോറന്റ്, ബ്യൂട്ടി പാർലർ, ടൂറിസ്റ്റ് ഹോമുകൾ ഉൾപ്പെടെ മലിനജലം പുറത്തേക്ക് വിടുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും വീടുകൾക്കുമാണ് ഇപ്പോൾ കണക്ഷൻ നൽകി വരുന്നത്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നിരവധി തവണ ആവശ്യപ്പെട്ടിട്ടും
കണക്ഷൻ എടുക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് ഉൾപ്പടെ റദ്ദ് ചെയ്യാനാണ് ഇനി അധികൃതരുടെ നീക്കം. രണ്ട് ദിവസത്തിനുള്ളിൽ ഓവുചാലിലേക്ക് മലിനജലം ഒഴുക്കി വിട്ട 20 വീടുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ കേരള മുൻസിപ്പൽ ആക്ട് പ്രകാരം കേസെടുത്ത് പിഴ ചുമത്തി.
ലൈസൻസ് പുതുക്കാതെയും ഇല്ലാതെയും പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും കണ്ടെത്തി അടച്ചു പൂട്ടാൻ ഇന്നലെ നടന്ന യോഗം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കോർപ്പറേഷൻ വ്യാപാര ലൈസൻസ് കടയിൽ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മേയർ മുസ്ലിഹ് മഠത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. പി. രാജേഷ്, സിയാദ് തങ്ങൾ, എം. ശ്രീലത, ഷാഹിന മൊയ്തീൻ, കോർപ്പറേഷൻ അസിസ്റ്റന്റ് സെക്രട്ടറി എ. ജയകുമാർ, കൗൺസിലർമാരായ കെ.സുരേഷ്, ജയസൂര്യ, കെ. പി. റസാക്ക്, സീനിയർ പബ്ലിക് ഹെൽത്ത് കെ. പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ആർ. സന്തോഷ് കുമാർ, ഇ. എസ് ഷഫീർ അലി, അഷ്റഫ് ടി. ഖാദർ തുടങ്ങിയവർ പങ്കെടുത്തു.