ലഷ്‌കർ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുൾ റഹ്മാൻ മക്കി മരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് മക്കീ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളാണ് കുപ്രസിദ്ധ കുറ്റവാളി അബ്ദുൾ റഹ്മാൻ മക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2019 മെയ് മാസത്തിൽ പാകിസ്ഥാൻ സർക്കാർ മക്കിയെ അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസുകളിൽ പാകിസ്ഥാൻ കോടതി ജീവപര്യന്തം തടവും വിധിച്ചിരുന്നു.
2023 ജനുവരിയിൽ യുഎൻ സുരക്ഷാ കൗൺസിൽ (UNSC) മാക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.
രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും യുഎസും ഇയാളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങൾ, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ, ആക്രമണത്തിന് യുവാക്കളെ പ്രേരിപ്പിക്കുന്നതും റിക്രൂട്ട് ചെയ്യുന്നതും, ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും ഇയാൾ പങ്കാളിയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.