മണിപ്പൂരിൽ പ്രക്ഷോഭം തുടരുന്നു, ഇന്നലെ ജിബിറാം ജില്ലയിൽ കലാപകാരികൾ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാനത്ത് സംഘർഷം രൂക്ഷമായത്. ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു.
സംഘർഷമേഖലയിൽ അസം റൈഫിൾസിനെ വിന്യസിച്ചു. ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ മരുമകനും ബിജെപി എംഎൽഎയുമായ ആർകെ ഇമോ ഉൾപ്പെടെ മൂന്ന് സംസ്ഥാന മന്ത്രിമാരുടെയും ആറ് നിയമസഭാംഗങ്ങളുടെയും വീടുകൾ ഇന്നലെ പ്രതിഷേധക്കാർ തകർത്തിരുന്നു.
പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ വെടിവെപ്പിനെ തുടർന്ന് ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കാണാതായി. വെള്ളിയാഴ്ച ജിരി, ബരാക് നദികൾക്ക് സമീപം ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടേയും ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹവും ഉണ്ടായിരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തി. ഇതേത്തുടർന്നാണ് സമരം ശക്തമായത്.