കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആസൂത്രണമില്ലായ്മയും മൂലം മറ്റൊരു കെഎസ്ആർടിസിയായി കെഎസ്ഇബി മാറുകയാണെന്ന് ചെയർമാൻ ഡോ.ബിജു പ്രഭാകർ. ഇപ്പോൾ മഴക്കാലത്ത് പോലും വൈദ്യുതി ലഭ്യത കുറയുന്നു. ഇങ്ങനെയാണെങ്കിൽ വരും വർഷങ്ങളിൽ കേരളം ഇരുട്ടിലാകുമെന്നതിൽ സംശയമില്ല. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുക, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ എത്രയും വേഗം നടപ്പാക്കുക തുടങ്ങിയ നയപരമായ മാറ്റങ്ങളില്ലാതെ കെഎസ്ഇബിയെ രക്ഷിക്കാനാവില്ല.
കെഎസ്ഇബിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ഓഫീസേഴ്‌സ് അസോസിയേഷനുകൾക്ക് നൽകിയ കരട് നിർദ്ദേശങ്ങളിലാണ് ഈ പരാമർശങ്ങൾ. ഇന്നലെ ചേർന്ന യോഗത്തിലാണ് പരിഷ്‌കരണ നിർദേശങ്ങൾ അവതരിപ്പിച്ചത്. ജീവനക്കാരുടെ പുനർവിന്യാസം ഉൾപ്പെടെയുള്ള അഭിപ്രായങ്ങൾ അറിയിക്കാൻ അസോസിയേഷനുകൾക്ക് ഡിസംബർ 10 വരെ സമയം നൽകി.