നടൻ മേഘനാഥൻ അന്തരിച്ചു. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടൻ ബാലൻ കെ.നായരുടെ മകൻ. ശവസംസ്‌കാരം ഷൊർണൂരിലെ വീട്ടുവളപ്പിൽ.
അറുപതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1980ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന സിനിമയിൽ സ്റ്റുഡിയോ ബോയ് ആയി അഭിനയിച്ചാണ് മേഘനാദൻ സിനിമാ ജീവിതം ആരംഭിച്ചത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പൻ, ഉദ്യാനപാലകൻ, ഈ പുഴ കടന്ന, ഉല്ലാസപൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന ചിത്രങ്ങൾ.