നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പരാതി. ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന റിസൾട്ടിൽ വളരെയേറെ നിർമിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ലഭിക്കുന്നതായും ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യാനിടയുണ്ടെന്നുമാണ് സോഷ്യൽമീഡിയ ഉപഭോക്താക്കൾ മുന്നോട്ടുവെക്കുന്ന ആശങ്ക.
ഗൂഗിൾ സെർച്ചിൽ ലഭിച്ച എഐ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾ പരാതി ഉന്നയിക്കുന്നത്. മയില്‍കുഞ്ഞിന്റെ ചിത്രം ഗൂഗിള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിർമിച്ച മയില്‍കുഞ്ഞിന്റെ ചിത്രങ്ങളാണെന്നും ഇത്തരം ചിത്രം പങ്കുവെച്ചുകൊണ്ട് പലരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സെലിബ്രറ്റികളുടെയും സ്ഥലങ്ങളുടെയും ചിത്രം സെര്‍ച്ച് ചെയ്തപ്പോള്‍ യഥാര്‍ത്ഥ ചിത്രങ്ങൾ തന്നെ റിസൾട്ട് ആയി ലഭിച്ചു. അതുപോലെ ഇലോണ്‍ മസ്‌ക്, ഡൊണാള്‍ഡ് ട്രംപ് തുടങ്ങിയ സെലിബ്രറ്റികളുടെയും ഗാസ ടെല്‍ അവീവ് പോലുളള സ്ഥലങ്ങളുടെയുമെല്ലാം യഥാർഥ ചിത്രങ്ങളാണ് ലഭിക്കുന്നത്.
സെര്‍ച്ച് പ്ലാറ്റ്‌ഫോമുകളില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള റിസൾട്ടുകൾ കൂടുതലായി നൽകാനുള്ള ഗൂഗിളിന്‍റെ ശ്രമമാണ് ഇതിനു പിന്നിലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങളിൽ വാട്ടര്‍മാര്‍ക്കിങ് നൽകുന്നുണ്ടെങ്കിലും പലപ്പോഴും സാധാരണ ഉപയോക്താക്കളുടെ ശ്രദ്ധയിൽ പെടണമെന്നില്ല.
ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി 2022-ന്റെ അവസാനമാണ് വന്നത്. അതിനാല്‍ 2022-ന് മുമ്പുള്ള ചിത്രങ്ങളെന്ന പ്രത്യേകം സെര്‍ച്ചില്‍ കൊടുത്താല്‍ ഇത്തരം നിര്‍മിതബുദ്ധി ചിത്രങ്ങള്‍ ഒഴിവാക്കാമെന്നതാണ് ചിലര്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശം.