ആരോഗ്യത്തിന് ഏറ്റവും പോഷകങ്ങൾ അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. പലരും ക്യാരറ്റും കാരറ്റ് ജ്യൂസും സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ആരോഗ്യത്തിന് ക്യാരറ്റ് പച്ചയായി കഴിക്കുന്നതാണോ കാരറ്റ് ജ്യൂസ് ആക്കി കഴിക്കുന്നതാണോ നല്ലതെന്ന് ഇപ്പോൾ പലരും ചോദിക്കുന്നുണ്ട്. ഇവ രണ്ടിൻ്റെയും ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കാരറ്റ് പച്ചയായി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ
ദിവസവും കഴിക്കാൻ പറ്റിയ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. ഇതിലടങ്ങിയിരിക്കുന്ന ധാതുക്കളും പോഷകങ്ങളും നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. ക്യാരറ്റിൽ വൈറ്റമിൻ-എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ ക്യാരറ്റിലെ പോഷകങ്ങൾ ചർമ്മത്തിലെ പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. കാരറ്റിലെ നാരിൻ്റെ സാന്നിധ്യം ദഹനം സുഗമമാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കാരറ്റ് സഹായിക്കുന്നു.
പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറി കൂടിയാണ് കാരറ്റ്. അതുകൊണ്ട് തന്നെ നമ്മുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും കാരറ്റ് സഹായിക്കുന്നു. കാരറ്റിലെ ബീറ്റാ കരോട്ടിനും ലൈക്കോപീനും ചർമ്മത്തിൻ്റെ ഭംഗി നിലനിർത്താൻ സഹായിക്കുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൻ്റെ ഭാഗമാക്കാവുന്ന ഒരു പച്ചക്കറി കൂടിയാണ് കാരറ്റ്.
കാരറ്റ് ജ്യൂസിൻ്റെ ആരോഗ്യ ഗുണങ്ങൾ
കാരറ്റ് ജ്യൂസ് ബീറ്റാ കരോട്ടിൻ, വിറ്റാമിൻ-എ എന്നിവയാൽ സമ്പുഷ്ടമാണ്. നിങ്ങളുടെ ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ തടയാനും അണുബാധ തടയാനും ഇത് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പച്ച കാരറ്റിനേക്കാൾ കൂടുതൽ ബീറ്റാ കരോട്ടിൻ ക്യാരറ്റ് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ക്യാരറ്റ് ജ്യൂസ് അമിതമായി കുടിക്കുന്നത് കരോട്ടിനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. രക്തത്തിലെ ബീറ്റാ കരോട്ടിൻ്റെ അളവ് കൂടുന്നതിനാൽ ചർമ്മം മഞ്ഞനിറമാകുന്ന അവസ്ഥയാണിത്.