കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽകോളേജിനോട് സർക്കാർ കാണിക്കുന്ന അവഗണനയും നിലവിലുള്ള ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും ആശുപത്രി വികസന സൊസൈറ്റിയുടെ മറവിൽനടക്കുന്ന രാഷ്ട്രീയവത്കരണവും അവസാനിപ്പിച്ച് മെഡിക്കൽകോളജിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് മെഡിക്കൽ കോളജ് പരിസരത്ത് ജനകീയ പ്രക്ഷോഭ കൺവെൻഷൻ നടത്തുമെന്ന് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഡ്വ. എൻ. ശംസുദ്ദീൻ MLA മുഖ്യ പ്രഭാഷണം നടത്തും. വിവിധ ഘടകകക്ഷി നേതാക്കൾ പ്രസംഗിക്കും.
എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും ആവശ്യമായ ജീവനക്കാരെ നിയമിക്കുക, ജീവനക്കാരുടെ ആഗിരണ പ്രക്രിയ അനോമലി പരിഹരിച്ച് എത്രയും വേഗം പൂർത്തീകരിക്കുക, അനധികൃത കയ്യേറ്റം ഒഴിപ്പിക്കുക, പിൻവാതിൽ രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കുക താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി മാത്രമാക്കുക, നിർമ്മാണ പ്രവൃത്തികളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭങ്ങളുടെ തുടക്കമാണ് ഈ ജനകീയ കൺവെൻഷനെന്ന് നേതാക്കൾ പറഞ്ഞു. വിവിധകക്ഷിനേതാക്കളെയുംജന പ്രതിനിധികളെയും ഉൾപ്പെടുത്തി മെഡിക്കൽ കോളജ് സംരക്ഷണ സമിതിക്ക് കൺവെൻഷൻ രൂപം നൽകും.