നവീന്‍ ബാബുവിന്‍റെ മരണം; പി.പി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ക്ഷണിച്ചത് കലക്ടറെന്ന് ഹര്‍ജിയില്‍ പരാമർശം... #Kannur_News

തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട  കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ്  പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്‍റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്. 

നവീന്‍ ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ദിവ്യ ഉന്നയിക്കുന്നത്. ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നുവെന്ന് പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ വെളിപ്പെടുത്തുന്നു. ഫയല്‍ നീക്കം വേഗത്തില്‍ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. 

അന്വേഷണത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്നും ദിവ്യ പറയുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഗുരുതരാവസ്ഥയിലുള്ള അച്ഛന്‍ അടക്കം വീട്ടിലുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നു. എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗം തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0